Society Today
Breaking News

കൊച്ചി: ഫിഷറീസ് മേഖലയിലെ രാജ്യത്തെ ആദ്യ അടല്‍ ഇക്യൂബേഷന്‍ സെന്റര്‍ കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയക്ക് (കുഫോസ്)  കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. രാജ്യവ്യാപകമായി  പുത്തന്‍ ടെക്‌നോളജിയും നവീന ആശയങ്ങളും യോജിപ്പിച്ച് അടിസ്ഥാന മേഖലകളില്‍ രാജ്യാന്തര നിലവാരത്തില്‍  സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ട് നീതി ആയോഗ് നടപ്പിലാക്കുന്ന അടല്‍ ഇന്നവോഷന്‍ മിഷനില്‍ ഉള്‍പ്പെടുത്തിയാണ് കുഫോസിന് രാജ്യത്തെ ആദ്യത്തെ ഫിഷറീസ് ഇന്‍ക്യൂബേഷന്‍ അനുവദിച്ചിരിക്കുന്നത്.ഇതിനായി 10 കോടി രൂപ അടല്‍ ഇന്നവോഷന്‍ മിഷന്‍ കുഫോസിന് നല്‍കും. കുഫോസിലെ ഫിഷ് പ്രോസസിങ്ങ് വിഭാഗം മേധാവിയായ ഡോ.രാധിക രാജശ്രീ  തയ്യാറാക്കിയ പദ്ധതി രേഖക്ക്   അടല്‍ ഇന്നവോഷന്‍ മിഷന്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷം അംഗീകാരം നല്‍കുകയായിരുന്നു. കുഫോസിന്റെ കീഴില്‍ രൂപീകരിക്കുന്ന അടല്‍ ഇന്നവോഷന്‍ മിഷന്‍ കൊച്ചി ഫൗണ്ടേഷന്റെ കീഴിലായിരിക്കും ഫീഷറീസ് ഇന്‍ക്യൂബേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുക.

ഫിഷറീസ്അനുബന്ധ മേഖലകളില്‍ ദേശീയ തലത്തില്‍ കുഫോസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് രാജ്യത്തെ ആദ്യത്തെ ഫിഷറീസ് ഇന്‍ക്യൂബേഷന്‍ സെന്റര്‍ സ്ഥാപിക്കാനായി നീതി ആയോഗ് കുഫോസിനെ തെരഞ്ഞെടുത്തത് എന്ന് വൈസ് ചാന്‍സലര്‍ ഡോ.ടി.പ്രദീപ് കുമാര്‍ പറഞ്ഞു. ഫിഷറീസ്  സമുദ്ര അനുബന്ധ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ ലക്ഷ്യമിടുന്ന സംരംഭകര്‍ക്ക് എല്ലാ വിധ സഹായവും കുഫോസിലെ അടല്‍ ഇക്യൂബേഷന്‍ സെന്ററില്‍ നിന്ന് ലഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. മത്സ്യബന്ധന സമൂഹവും തീരദേശ ആവാസ വ്യവസ്ഥയും നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ സുസ്ഥിരതയോടെ പരിഹരിക്കാന്‍ ഉതകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ കുഫോസ് ഇന്‍ക്യൂബേഷന്‍ സെന്ററില്‍ രൂപം കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

 

 

 

 

 

#kufos


 

Top